ബെർലിൻ: ജർമൻ വാഹനനിർമാണ രംഗത്തെ മുൻനിര കമ്പനിയായ ഫോക്സ്വാഗൻ ചരിത്രത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നതായി കമ്പനി അറിയിച്ചു.
2030-ഓടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുക ലക്ഷ്യമിട്ട് സിഇഒ ഒലിവർ ബ്ലൂമിന്റെ നേതൃത്വത്തിൽ തയാറാക്കിയ പുനഃസംഘടനാ പദ്ധതിയിൽ വൻതോതിലുള്ള തൊഴിൽ വെട്ടിക്കുറയ്ക്കലും ഉത്പാദന പുനഃക്രമീകരണവും ഉൾപ്പെടുന്നുവെന്നാണ് വിവരം.
പദ്ധതിയുടെ ഭാഗമായി ആഗോളതലത്തിൽ 1.2 ലക്ഷം മുതൽ 1.4 ലക്ഷം വരെ തൊഴിലവസരങ്ങളെ ബാധിക്കാനിടയുണ്ടെന്നാണ് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ ടെക്നിക്കൽ ഡെവലപ്മെന്റ് വിഭാഗത്തിൽ നിന്ന് 15,000 പേരെയും ഉത്പാദന വിഭാഗത്തിൽ നിന്ന് 5,000 പേരെയും ഒഴിവാക്കാനാണ് നീക്കം.
കൂടാതെ 21,500 മാനേജർ തസ്തികകളിൽ 5,500 എണ്ണം നിർത്തലാക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. സ്വമേധയാ വിരമിക്കൽ പദ്ധതികളും നഷ്ടപരിഹാര പാക്കേജുകളും വഴി ജീവനക്കാരെ ഒഴിവാക്കാനാണ് ലക്ഷ്യം.
ചെലവ് ചുരുക്കലിന്റെ ഭാഗമായി ജർമനിയിലെ എംഡൻ, സ്വിക്കാവു, ഹാനോവർ, നെക്കാർസൽ, ഓസ്നാബ്രുക്ക് എന്നിവിടങ്ങളിലെ ഉത്പാദന പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി അവസാനിപ്പിക്കുകയോ പുതിയ മോഡൽ നിർമാണം നിർത്തുകയോ ചെയ്യും. ചില പ്ലാന്റുകൾ പൂർണമായും അടച്ചുപൂട്ടാനും സാധ്യതയുണ്ട്.
ഉത്പാദന ചെലവ് കുറയ്ക്കുന്നതിനായി ചൈനയ്ക്ക് പുറത്തുള്ള ഫോക്സ്വാഗന്റെ മോഡൽ ശ്രേണി 50 ശതമാനമായി ചുരുക്കും. വാഹനങ്ങളുടെ എഞ്ചിൻ, ഫീച്ചർ വേരിയന്റുകൾ 75 ശതമാനം വരെ കുറയ്ക്കാനും പദ്ധതിയുണ്ട്.
വാർഷിക ഉൽപാദനം 90 ലക്ഷം വാഹനങ്ങളായി പരിമിതപ്പെടുത്തും. നിലവിലെ "സീറ്റ്' ബ്രാൻഡ് 2029-ഓടെ അവസാനിപ്പിച്ച് "കുപ്ര' ബ്രാൻഡിന് കൂടുതൽ പ്രാധാന്യം നൽകാനുമാണ് തീരുമാനം.
ഗവേഷണ-വികസന മേഖലയിലെ നിക്ഷേപത്തിൽ 50 ബില്യൺ യൂറോ കുറയ്ക്കാനും ഗ്രൂപ്പിന് കീഴിലുള്ള നൂറുകണക്കിന് കമ്പനികൾ വിൽക്കുകയോ ലയിപ്പിക്കുകയോ ചെയ്യാനും കമ്പനി ആലോചിക്കുന്നു.
ചില ഫുട്ബോൾ ക്ലബുകളിലെ ഓഹരി പങ്കാളിത്തവും പുനഃപരിശോധിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, പദ്ധതിക്കെതിരെ തൊഴിലാളി യൂണിയനുകൾ ശക്തമായ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
ജർമ്മനിയിലുടനീളമുള്ള വിവിധ ഫോക്സ്വാഗൻ പ്ലാന്റുകൾക്ക് മുന്നിൽ പ്രതിഷേധങ്ങൾ നടക്കുകയാണ്. തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി യൂണിയനുകൾ രംഗത്തെത്തിയതോടെ കമ്പനി മാനേജ്മെന്റും തൊഴിലാളി സംഘടനകളും തമ്മിലുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.